അസാധാരണമായതും എന്നാൽ യുക്തിക്ക് നിരക്കാത്തതുമായ പലതും 128 കോടി ജനങ്ങൾ അധിവസിക്കുന്ന നമ്മുടെ രാജ്യത്ത് നടക്കാറുണ്ട്, അതിൽ ഒടുവിലത്തേതാണ് അരവിന്ദ് കേജ്രിവാൾ എന്ന പ്രതിഭാസം. തിന്മക്കെതിരെ പടപൊരുതുന്ന സത്യത്തിന്റെ പോരാളിയായി നവ മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്ന രാഷ്ട്രീയ ബദൽ. "Only when the tide goes out do you discover who's been swimming naked" എന്ന ഇംഗ്ലീഷ് പഴമൊഴി പോലെ, ഒരുപക്ഷേ ഇലക്ട്രോണിക് മാധ്യമങ്ങൾ ശാന്തമായാൽ മാത്രമേ യഥാർത്ഥ കെജ്രിവാളിനെ നമുക്ക് വിലയിരുത്താനാകൂ.
ആദ്യമായി സർക്കാർ ജോലിയിയിൽ നിന്ന് കേജ്രിവാൾ വിടുതൽ നേടിയതെങ്ങിനെയെന്ന് നമുക്കൊന്ന് പരിശോധിക്കാം. ധനമന്ത്രാലയത്തിനു കീഴിലുള്ള റവന്യൂ വകുപ്പിൽ ജോയിൻറ് കമ്മീഷണർ ആയിരിക്കുന്ന സമയത്താണ് അദ്ദേഹം നവംബർ 1, 2000 തൊട്ട് ഒക്ടോബർ 31, 2002 വരെ ശമ്പളത്തോട് കൂടിയ അവധിയിൽ പ്രവേശിച്ച് വിദേശത്തേക്ക് പോയത്. ഇങ്ങനെ അവധിയിൽ പ്രവേശിക്കുന്നതിനുള്ള ഒരു നിബന്ധന, പ്രസ്തുത ഉദ്യോഗസ്ഥൻ തിരിച്ചെത്തിയതിനു ശേഷം കുറഞ്ഞത് മൂന്നു വർഷമെങ്കിലും ഗവണ്‍മെന്റിനെ സേവിക്കണം എന്നതാണ്. അങ്ങനെ ചെയ്യാത്ത പക്ഷം അവധിയിൽ ഇരിക്കേ കൈപ്പറ്റിയ രണ്ടുവർഷത്തെ ശമ്പളം പിഴയോടു കൂടി തിരിച്ചടയ്ക്കാനും ഉദ്യോഗസ്ഥൻ ബാധ്യസ്ഥനാണ്.
ഇങ്ങനെ ശമ്പളത്തോട് കൂടി അവധിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥൻ സാക്ഷികളെയും ജാമ്യക്കാരെയും ഹാജരാക്കി, നിബന്ധനകൾ അംഗീകരിച്ചു കൊണ്ട് ഒരു ബോണ്ട് ഒപ്പു വെക്കേണ്ടതും ഉണ്ട്. വ്യവസ്ഥ പ്രകാരം നവംബർ 1, 2002 ൽ കേജ്രിവാൾ ജോലിയിൽ തിരികെ പ്രവേശിച്ചു. പക്ഷേ അതിനു ശേഷം, മൂന്നു വർഷമെങ്കിലും തുടർച്ചയായി ജോലി ചെയ്യണം എന്ന ഒന്നാം നിബന്ധന ലംഘിച്ചു കൊണ്ട് 18 മാസത്തെ ശമ്പള രഹിത അവധിയിൽ പ്രവേശിച്ചു. തുടർന്ന് ഫെബ്രുവരി 2006 ൽ അദ്ദേഹം ജോലിയിൽ നിന്നും രാജിവച്ചെങ്കിലും ബോണ്ട് ലംഘിച്ചതിനാൽ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കപ്പെട്ടില്ല.
രണ്ടുവർഷത്തെ ശമ്പളം പിഴയോടു കൂടി തിരിച്ചടക്കാൻ ആവശ്യപ്പെട്ട്, 2007 ലും 2008 ലും റെവന്യൂ വകുപ്പ് അയച്ച നോട്ടീസിന് കേജ്രിവാൾ മറുപടി കൊടുത്തില്ല. ഈ സമയത്തോടെ ടെലിവിഷൻ ചർച്ചകളിൽ സജീവ സാന്നിദ്ധ്യ മായിരുന്ന കേജ്രിവാൾ, താൻ കൈപ്പറ്റിയ ശമ്പളം തന്റെ റിട്ടയർമെന്റ് ഫണ്ടിൽ നിന്ന് കിഴിച്ചു കൊള്ളാൻ ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. അതേസമയം, താൻ തെറ്റൊന്നും ചെയ്യാത്തതിനാൽ പിഴ സംഖ്യ എഴുതിത്തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് റവന്യൂ വകുപ്പ്, ഒക്ടോബർ 27, 2011നകം പിഴയടക്കം മുഴുവൻ തുകയും തിരിച്ചടക്കാൻ കേജ്രിവാളിന് നോട്ടീസയച്ചു, അല്ലാത്ത പക്ഷം വസ്തുവകകൾ കണ്ടു കെട്ടുമെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
എന്നാൽ ഈ സംഭവ വികാസത്തെ, അഴിമതിക്കെതിരെ പടപൊരുതുന്ന തനിക്കെതിരെയുള്ള നീക്കമായാണ് കേജ്രിവാൾ വിശേഷിപ്പിച്ചത്. ഒക്ടോബർ 27 നും മറുപടി കിട്ടാത്തതിനാൽ, കേജ്രിവാളിനു വേണ്ടി ജാമ്യം നിന്നവരോട് തുക തിരിച്ചടക്കാൻ റവന്യൂ വകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് ജാമ്യം നിന്ന സുഹൃത്തുക്കളോട് റവന്യു വകുപ്പിന്റെ നോട്ടീസുകൾ അവഗണിക്കാനാണ് കേജ്രിവാൾ പറഞ്ഞത്. നിരന്തരമായ അറിയിപ്പുകൾ അവഗണിക്കപ്പെട്ടപ്പോൾ, ഒക്ടോബർ 30 തിനൊടു കൂടി വസ്തുവകകൾ കണ്ടു കെട്ടുക നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ നടപടികളിലേക്ക് ഗവണ്‍മെന്റ് നീങ്ങുമെന്ന് ഉറപ്പായപ്പോൾ, കുടിശ്ശികയായ 9.28 ലക്ഷം രൂപ തന്റെ സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങി തിരിച്ചടക്കുമെന്നു കേജ്രിവാൾ പ്രസ്താവിച്ചു. 2011 നവംബർ 3ന്, പ്രധാനമന്ത്രിക്കയച്ച കത്തിനോടൊപ്പം കുടിശ്ശിക തുകയുടെ ചെക്കും സമർപ്പിച്ച് കേജ്രിവാൾ മറ്റു നിയമ നടപടികളിൽ നിന്നും തടിയൂരി.
ആം ആദ്മി പാർട്ടിയും തിരഞ്ഞെടുപ്പ് വിജയവും
2013 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടിയ ആപ്പിനെ അനുമോദിക്കുന്ന മാധ്യമ സുനാമിയിൽ നാം മറക്കുന്ന ചില കാര്യങ്ങളുണ്ട്. 24 മണിക്കൂർ മാധ്യമ പിന്തുണ കിട്ടിയിട്ടും ഡൽഹിയിൽ ആപ്പിന് നേടാനായത് വെറും 29 % വോട്ടുകൾ മാത്രമാണെന്നതാണ് അതിലൊന്ന്. അതായത് വോട്ടു ചെയ്ത 71% ജനങ്ങളും ആപ്പിനെ അവഗണിക്കുകയാനുണ്ടായത്. പക്ഷേ ഈ വസ്തുത തമസ്കരിച്ചു കൊണ്ട്, 2.2 കോടി വരുന്ന ഡൽഹിക്കാരുടെ പൂർണ പിന്തുണ ആപ്പിനാണ് എന്ന രീതിയിലുള്ള മാധ്യമ പ്രചാരണം നമ്മുടെയിടയിൽ ശക്തമാണ്.
ഫലപ്രഖ്യാപനത്തിനു ശേഷം സർക്കാർ രൂപീകരിക്കാൻ 18 ഇന നിർദ്ദേശങ്ങളാണ് ആപ്പ് മുന്നോട്ടു വച്ചത്. VIP വാഹനങ്ങളിലെ ചുവപ്പു ലൈറ്റ് നീക്കം ചെയ്യുക എന്നിങ്ങനെ നിസ്സാരമായ ചില വ്യവസ്ഥകളും ആപ്പ് നിർദ്ദേശങ്ങളിൽ ഉൾപ്പെടും. തന്റെ 18 ഇന നിർദ്ദേശങ്ങൾ കോണ്‍ഗ്രസ്സിനും ബി.ജെ.പി ക്കും അയച്ചു കൊടുത്തെന്ന് പറഞ്ഞ കേജ്രിവാൾ, അവരുടെ മറുപടി കിട്ടിയതിനു ശേഷം ജനങ്ങളോട് ആലോചിച്ച് വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും അറിയിച്ചു. കോണ്‍ഗ്രസ്സാകട്ടെ ആപ്പ് മുന്നോട്ട് വച്ച നിർദ്ദേശങ്ങളൊന്നും തന്നെ അംഗീകരിച്ചില്ല, പക്ഷേ കോണ്‍ഗ്രസ്സ് പിന്തുണയോടെ തന്നെ ആപ്പ് സർക്കാർ രൂപീകരിച്ചു.
1,725 കോടി രൂപയുടെ റവന്യൂ കമ്മിയുള്ള ഡൽഹി ഗവണ്‍മെന്റിന് ആപ്പ് മുന്നോട്ടു വച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ എങ്ങനെ നിറവേറ്റാൻ കഴിയും എന്നത് ഇന്നും ഒരു ചോദ്യ ചിഹ്നമാണ്. വൈദ്യുതി നിരക്കിൽ 50% കിഴിവ് പ്രഖ്യാപിച്ച കേജ്രിവാൾ, ഇന്ന് "വിഷയം പരിഗണനയിൽ" ആണെന്ന മറുപടി തരുന്നതും ഒരുപക്ഷേ ഡൽഹിയുടെ ഒഴിഞ്ഞ ഖജനാവ് നേരിട്ടു കണ്ടതിനാലാവും. കേജ്രിവാളിന്റെ ആഹ്വാനം സ്വീകരിച്ച് വൈദ്യുതി ബില്ല് അടക്കാത്തവർ ഇപ്പോൾ വൈദ്യുതി മോഷണത്തിന് കേസ് നേരിട്ടു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയായ ശേഷം കേസുകൾ പിൻവലിക്കാൻ കേജ്രിവാൾ തീരുമാനിച്ചാൽ തന്നെയും അതൊരു തെറ്റായ കീഴ്വഴക്കമാവും സമൂഹത്തിൽ സൃഷ്ടിക്കുക. രാജ്യത്തെ ഒരു കോടതിയും അങ്ങനെയൊരു വിധി നടപ്പാക്കാൻ അനുവദിക്കുകയുമില്ല. ആത്യന്തികമായി ഇരകളാകാൻ പോകുന്നത് കേജ്രിവാളിനെ വിശ്വസിച്ച് അദ്ദേഹത്തിന്റെ ആഹ്വാനം ശിരസാ വഹിച്ച അനുയായികളാവും. അതു പോലെ മറ്റൊരു കേജ്രിവാൾ വാഗ്ദാനമായ 700 ലിറ്റർ പ്രതിശീർഷ ജല ലഭ്യതയും നടപ്പാക്കാൻ കഴിയാതെ ഡൽഹി സർക്കാർ വിഷമിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. ഡൽഹിയിൽ കേവലം 68% ജനങ്ങളെ മാത്രമേ കുടിവെള്ള പൈപ്പ് വഴി ബന്ധിച്ചിട്ടുള്ളൂ. നഗരത്തിലെ പല ഭാഗങ്ങളിലും ജനങ്ങൾ വെറും 20 ലിറ്റർ ജലത്തിനു വേണ്ടി യാചിക്കുന്ന അവസ്ഥയാണുള്ളത്.
കോളിളക്കമുണ്ടാക്കുന്ന പ്രസ്താവനകളാണ് കേജ്രിവാളിന്റെ ട്രേഡ്മാർക്ക്. തന്റെ ആദ്യ റൌണ്ട് നിരാഹാര സമരത്തിനു ശേഷം 15 കേന്ദ്ര മന്ത്രിമാരുടെ അഴിമതി താൻ പുറത്തു കൊണ്ടുവരുമെന്ന് കേജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. അഞ്ച് കേന്ദ്ര മന്ത്രിമാരുടെ സ്വിസ്സ് ബാങ്ക് അക്കൌണ്ടുകളുടെ തെളിവ് തന്റെ കൈവശം ഉണ്ടെന്നും 2013 ഡിസംബറിൽ കേജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. നവംബർ 2012ൽ HSBC ബാങ്കു വഴി കള്ളപ്പണം വെളുപ്പിച്ച 700 ഇന്ത്യാക്കാരുടെ ലിസ്റ്റ് കേന്ദ്ര ഗവണ്‍മെന്റിന്റെ കൈവശം ഉണ്ടെന്നും, അത് പുറത്തു വിടുവാനും കേജ്രിവാൾ വെല്ലുവിളിച്ചു, അതേസമയം ഇന്ത്യയിലെ HSBC ബാങ്ക് ജീവനക്കാരോട് ജോലി രാജിവയ്ക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്യുകയുണ്ടായി.
എന്നാൽ ഇതൊന്നുമായിരുന്നില്ല കെജ്രിവാളിന്റെ ഏറ്റവും ഒച്ചപ്പാടുണ്ടാക്കിയ സമരമുറ. ബിൽ തുക അടക്കാത്തതിനാൽ വൈദ്യുതി വിഛെദിച്ച കണക്ഷനുകൾ പുന:സ്ഥാപിച്ചു കൊണ്ട് കേജ്രിവാളും കൂട്ടരും അക്ഷരാർത്ഥത്തിൽ തന്നെ നിയമം കൈയ്യിലെടുത്തു. 24 മണിക്കൂർ ടെലിവിഷനിൽ നിറഞ്ഞു നിൽക്കുന്ന കേജ്രിവാളിനെ ഭയന്ന് വൈദ്യുതി വകുപ്പ് നടപടിയെടുക്കാൻ മടിച്ചു. ഇന്ന് താൻ സ്വയം ഒരു അരാജകവാദിയാണെന്ന് കേജ്രിവാൾ പറയുമ്പോൾ, അദ്ദേഹം എങ്ങിനെയാണ് ഒരു ജനാധിപത്യ ഗവണ്‍മെന്റിനെ നയിക്കുക എന്ന സംശയം നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ടതാണ്. 144 വകുപ്പ് ലംഘിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ അദ്ദേഹം നടത്തിയ ധർണ്ണയും ഇത്തരുണത്തിൽ നാം ഓർക്കേണ്ടതാണ്.
മറ്റേതൊരു രാഷ്ട്രീയക്കാരനും ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്വയം ഒരിടം കണ്ടെത്താൻ ചെയ്തത് മാത്രമേ കേജ്രിവാളും ചെയ്തിട്ടുള്ളൂ. കാശ്മീരിൽ ജനഹിത പരിശോധന നടത്തണം എന്ന പ്രശാന്ത് ഭൂഷൻറെ പ്രസ്താവനയെ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായി കേജ്രിവാൾ വിശേഷിപ്പിച്ചെങ്കിലും, ജനങ്ങളുടെ അനുമതി തേടി മാത്രമേ കാശ്മീരിൽ സൈന്യത്തെ വിന്യസിക്കാവൂ എന്ന് കേജ്രിവാൾ അഭിപ്രായപ്പെട്ടു. കാശ്മീർ പോലൊരു തന്ത്രപ്രധാന മേഖലയിൽ ജനഹിത പരിശോധന തേടലും ജനങ്ങളുടെ അനുമതി ആരായലും തമ്മിൽ എന്താണ് അന്തരം? അതോടൊപ്പം ഇക്കഴിഞ്ഞ ജനുവരി 12 ന്, നക്സൽ ബാധിത പ്രദേശങ്ങളിൽ നിന്നും പോലീസിനെ പിൻവലിക്കണം എന്നും പ്രശാന്ത് ഭൂഷൻ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളിലൂടെ നുരഞ്ഞു പൊന്തുന്ന ആപ്പ് തരംഗത്തിൽ ആകൃഷ്ടരായി ആപ്പിൽ അംഗത്വം നേടിയ മീര സന്യാൽ, വി ബാലകൃഷ്ണൻ, ക്യാപ്റ്റൻ ഗോപിനാഥൻ എന്നിവർ ആം ആദ്മി പാർട്ടിയുടെ സാമ്പത്തിക-വിദേശ നയങ്ങളെ ക്കുറിച്ച് ഇരുത്തി ചിന്തിച്ചെടുത്ത തീരുമാനമാണോ ഇതെന്ന് ലേഖകൻ ആശ്ചര്യപ്പെടുന്നു. എന്തായാലും ഡൽഹിയിൽ അധികാരത്തിൽ തുടരുന്ന ഓരോ നിമിഷവും ആപ്പ് എന്ന പാർടിയെയും, അതിന്റെ നേതാക്കളെയും, അവർ ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ സാധുതയും തുറന്നു കാണിച്ചു കൊണ്ടേ ഇരിക്കും.

0 comments:
Post a Comment