സ്വന്തം കന്യകാത്വം പോലും ലേലത്തിനു വച്ച് ഏറ്റവും മുന്തിയ വിലയ്ക്ക് കച്ചവടമുറപ്പിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. പാശ്ചാത്യ നാടുകളിൽ സാധാരണമായ മത്സരവെറിയും തദ്വാര സംഭവിക്കുന്ന മൂല്യശോഷണവും നമ്മുടെ കൊച്ചുകേരളവും വാരിപ്പുണർന്നു തുടങ്ങിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സൂര്യ ടി.വി സംപ്രേക്ഷണം ചെയ്യുന്ന 'മലയാളി ഹൗസ്'. സോഷ്യൽ മീഡിയകളിൽ നിന്നുയരുന്ന തെറിവിളികളെ പൂമാലയാക്കി, ചാനൽ റേറ്റിങ്ങുകളിൽ കുതിക്കുന്ന ഈ പരിപാടിയുടെ യഥാർത്ഥ ഗുണഭോക്താവ് അതിന്റെ നിർമ്മാതാവ് മാത്രമാണ്. സമൂഹത്തിൽ പൊതുവെ അംഗീകരിക്കപ്പെട്ടിരുന്ന അപക്വമതികളുടെ ചെമ്പുകാണാൻ കഴിഞ്ഞത് പൊതുജനങ്ങൾക്കും ഒരളവിൽ ഉപകാരമായി.
മലയാളികൾ ആദരിച്ചിരുന്ന ജി.എസ് പ്രദീപ്, രാഹുൽ ഈശ്വർ, സിന്ധു ജോയ് എന്നിവരുടെ ജീവിതമാണ് അണ്ണാച്ചി ചുളു വിലയ്ക്ക് വാങ്ങി എപ്പിസോഡ് കണക്കിന് മറിച്ചു വിറ്റിരിക്കുന്നത്. അവർ അകപ്പെട്ട അപകടത്തിന്റെ ആഴം മനസ്സിലാകാൻ ഇനി പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കുക മാത്രമേ നിവൃത്തിയുള്ളൂ. സിനിമ-സീരിയൽ സെലിബ്രിറ്റികളുടെ ജീവിതത്തെക്കുറിച്ച് ജനങ്ങൾക്ക് വളരെ 'നല്ല' അഭിപ്രാമായതിനാൽ, മറ്റു മത്സരാർഥികളെ ഇത് അത്രകണ്ട് ബാധിക്കാൻ ഇടയില്ല.
എത്രത്തോളം സ്വയം തറയാകാമോ അത്രത്തോളം ഔട്ട് ആകാതെ പിടിച്ചു നിൽക്കാം എന്നതാണ് ഈ പരിപാടിയിൽ ജയിക്കാനുള്ള ഗുട്ടൻസ്. പരിപാടിയിലുടനീളം തെറിവിളിയും അശ്ളീലപ്രയോഗങ്ങളും നടത്തിയ തിങ്കൾ ബാൽനെയും കുശുമ്പ്, പരദൂഷണം എന്നീ സുകുമാര കലകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നീന കുറുപ്പിനെയും നിലനിർത്തി, ദാലു കൃഷ്ണദാസിനെ പുറത്താക്കുക വഴി 'പ്രേക്ഷക വോട്ടിംഗ്' എന്ന നാടകം എത്രത്തോളം പൊളിയാണെന്ന് സൂര്യ ടി.വി ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുത്തു. ആ ആഴ്ച ഫേസ് ബുക്ക് വോട്ടിങ്ങിൽ 55% പേരും വോട്ടു ചെയ്തത് നീനക്കായിരുന്നു. 35%ത്തോളം പേർ തിങ്കളിനും വോട്ടുചെയ്തു; പക്ഷേ സൂര്യ ടി.വി പുറത്താക്കിയത് ദാലുവിനെയാണെന്നുമാത്രം. ഇതിന് അവർ പറഞ്ഞ ന്യായം, 'ലക്ഷ'ക്കണക്കിന് ലഭിച്ച SMS വോട്ടുകളുടെ ഫലം മറിച്ചായിരുന്നു എന്നാണ്. ബഹുഭൂരിപക്ഷം വരുന്ന അഭ്യസ്തവിദ്യരായ മലയാളികൾ സ്കൂൾ സ്റ്റാറ്റിസ്റ്റിക്സിൽ 'Random Sampling' എന്ന ഭാഗം പഠിച്ചിട്ടുണ്ടാകാമെന്ന് അവർ മറന്നുപോയി. പ്രേക്ഷകരുടേതെന്നും പറഞ്ഞ്, എല്ലാ ആഴ്ചയും സൂര്യാ ടി.വി മലയാളി ഹൗസിൽ പ്രദർശിപ്പിക്കുന്ന അഭിപ്രായ സർവ്വെ കണ്ടിട്ടുള്ളവർക്ക് ഇതത്ര ഞെട്ടലുണ്ടാക്കനിടയില്ല.
പുറത്തുപോയി വന്ന സന്തോഷ് പണ്ഡിറ്റിൽ നിന്നും കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് മനസ്സിലാക്കിയതോടെ സിന്ധു ജോയ് സ്വല്പം ഒതുങ്ങിയിട്ടുണ്ട്. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ കോലം കത്തിച്ചും, കല്ലെറിഞ്ഞും, പൊതുമുതൽ നശിപ്പിച്ചും രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നവരിൽ പലരും ഒരുപക്ഷേ സിന്ധുവിനെക്കാൾ കൂതറകളായിരിക്കാമെന്ന യഥാർത്ഥ്യം നമ്മെ ഭയപ്പെടുത്തുന്നതാണ്. സമൂഹത്തിൽ സ്വന്തം പ്രാഗത്ഭ്യം തെളിയിച്ച്, അറിവും ലോകപരിചയവുമുള്ള ധിഷണാശാലികൾ കടന്നു വന്നിരുന്ന മുഖ്യധാര രാഷ്ട്രീയത്തിലേക്ക് സിന്ധുവിനെ പോലുള്ള പാഴുകൾ, പാർടിഭേദമന്യേ കയറിക്കൂടിയതാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന രാഷ്ട്രീയാപചയത്തിന്റെ മൂലകാരണം. എന്തായാലും പുറത്തിറങ്ങി ഈ മഹതി ഇനി കേരളത്തിലെ ജനങ്ങളെ 'സേവി'ക്കാനിടയില്ല എന്നതാണ് ആകെയുള്ള ആശ്വാസം.
ആർഷഭാരത സംസ്കാരത്തിന്റെ ഔദ്യോഗിക വക്താവായിരുന്ന തന്ത്രി കുമാരന്റെ അവസ്ഥയാണ് അതിലേറെ പരിതാപകരം. ശബരിമലയെ പറ്റിയുള്ള ദേശീയ-കേരള ചാനൽ ചർച്ചകളിലെ ഒരവിഭാജ്യ ഘടകമായിരുന്നു, പൊതുവേ വലിയ തരക്കേടില്ലാത്ത ഈ യുവാവ്. മലയാളി ഹൗസിലെ പ്രകടനത്തിലൂടെ, തത്വചിന്ത വിളംമ്പാറേയുള്ളൂ, സ്വയം സേവിക്കാറില്ലയെന്ന് ഇയാൾ നിർലജ്ജം തെളിയിച്ചിരിക്കുന്നു. മലയാളി ഹൗസിലെ കൂതറകളെ കൊണ്ട് പോലും, ഒന്നടങ്കം കോഴി എന്നും നട്ടെല്ല് ഇല്ലാത്തവനെന്നും വിളിപ്പിക്കാൻ കഴിഞ്ഞെങ്കിൽ, തിരുമേനിയുടെ കേളികൾ അപാരം തന്നെ. റോസിൻ ജോളിയുടെ പുറകെ കന്നിമാസത്തിലെ പട്ടിയെപ്പോലെ മണപ്പിച്ചു നടക്കുന്ന ഇയാളെ, കഴിഞ്ഞ ദിവസം തിങ്കൾ പച്ചത്തെറി വിളിക്കുന്നതുകേട്ട് തന്ത്രി കുടുംബം പുളകം കൊണ്ടിട്ടുണ്ടാകണം. നിത്യബ്രഹ്മചാരിയായ ശബരിമല ധർമ്മശാസ്താവിന്റെ ശ്രീകോവിലിൽ, ഇങ്ങനെയൊരു കോഴിത്തിരുമേനി ഇനി കയറാൻ ഇടയില്ല എന്നാലോചിക്കുമ്പോൾ വിമതൻ അനുഭവിക്കുന്ന ആനന്ദം അനിർവചനീയമാണ്.
ഈ പരിപാടിയിലൂടെ സൂര്യ ടി.വി വിൽക്കുന്നത് ഇതിലെ മത്സരാർഥികളുടെ ജീവിതമാണ്; സമൂഹത്തിലെ അവരുടെ പ്രതിച്ഛായയാണ്. ഏറ്റവും തറ സ്വഭാവം ഉള്ളവരും വിവാദം ഉണ്ടാക്കുന്നവരും പുറത്താകാതെ സൂര്യ ടി.വി തന്നെ നോക്കിക്കോളും. കുറച്ചു കാശിനു വേണ്ടി തങ്ങൾ വിറ്റുതുലച്ചത്, സ്വന്തം ഭാവി തന്നെയായിരുന്നുവെന്ന് അധികം താമസിയാതെ ഇതിലെ പലർക്കും മനസ്സിലാകും.

0 comments:
Post a Comment