21 Jan 2014

കേജ്രിവാളിൻറെ രാഷ്ട്രീയം

0 comments
അസാധാരണമായതും എന്നാൽ യുക്തിക്ക് നിരക്കാത്തതുമായ പലതും 128 കോടി ജനങ്ങൾ അധിവസിക്കുന്ന നമ്മുടെ രാജ്യത്ത് നടക്കാറുണ്ട്, അതിൽ ഒടുവിലത്തേതാണ് അരവിന്ദ് കേജ്രിവാൾ എന്ന പ്രതിഭാസം. തിന്മക്കെതിരെ പടപൊരുതുന്ന സത്യത്തിന്റെ പോരാളിയായി നവ മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്ന രാഷ്ട്രീയ ബദൽ. "Only when the tide goes out do you discover who's been swimming naked" എന്ന ഇംഗ്ലീഷ് പഴമൊഴി പോലെ, ഒരുപക്ഷേ ഇലക്ട്രോണിക് മാധ്യമങ്ങൾ ശാന്തമായാൽ മാത്രമേ യഥാർത്ഥ കെജ്രിവാളിനെ നമുക്ക് വിലയിരുത്താനാകൂ.

ആദ്യമായി സർക്കാർ ജോലിയിയിൽ നിന്ന് കേജ്രിവാൾ വിടുതൽ നേടിയതെങ്ങിനെയെന്ന് നമുക്കൊന്ന് പരിശോധിക്കാം. ധനമന്ത്രാലയത്തിനു കീഴിലുള്ള റവന്യൂ വകുപ്പിൽ ജോയിൻറ് കമ്മീഷണർ ആയിരിക്കുന്ന സമയത്താണ് അദ്ദേഹം നവംബർ 1, 2000 തൊട്ട് ഒക്ടോബർ 31, 2002 വരെ ശമ്പളത്തോട് കൂടിയ അവധിയിൽ പ്രവേശിച്ച് വിദേശത്തേക്ക് പോയത്. ഇങ്ങനെ അവധിയിൽ പ്രവേശിക്കുന്നതിനുള്ള ഒരു നിബന്ധന, പ്രസ്തുത ഉദ്യോഗസ്ഥൻ തിരിച്ചെത്തിയതിനു ശേഷം കുറഞ്ഞത് മൂന്നു വർഷമെങ്കിലും ഗവണ്‍മെന്റിനെ സേവിക്കണം എന്നതാണ്. അങ്ങനെ ചെയ്യാത്ത പക്ഷം അവധിയിൽ ഇരിക്കേ കൈപ്പറ്റിയ രണ്ടുവർഷത്തെ ശമ്പളം പിഴയോടു കൂടി തിരിച്ചടയ്ക്കാനും ഉദ്യോഗസ്ഥൻ ബാധ്യസ്ഥനാണ്.

ഇങ്ങനെ ശമ്പളത്തോട് കൂടി അവധിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥൻ സാക്ഷികളെയും ജാമ്യക്കാരെയും ഹാജരാക്കി, നിബന്ധനകൾ അംഗീകരിച്ചു കൊണ്ട് ഒരു ബോണ്ട്‌ ഒപ്പു വെക്കേണ്ടതും ഉണ്ട്. വ്യവസ്ഥ പ്രകാരം നവംബർ 1, 2002 ൽ കേജ്രിവാൾ ജോലിയിൽ തിരികെ പ്രവേശിച്ചു. പക്ഷേ അതിനു ശേഷം, മൂന്നു വർഷമെങ്കിലും തുടർച്ചയായി ജോലി ചെയ്യണം എന്ന ഒന്നാം നിബന്ധന ലംഘിച്ചു കൊണ്ട് 18 മാസത്തെ ശമ്പള രഹിത അവധിയിൽ പ്രവേശിച്ചു. തുടർന്ന് ഫെബ്രുവരി 2006 ൽ അദ്ദേഹം ജോലിയിൽ നിന്നും രാജിവച്ചെങ്കിലും ബോണ്ട്‌ ലംഘിച്ചതിനാൽ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കപ്പെട്ടില്ല.

രണ്ടുവർഷത്തെ ശമ്പളം പിഴയോടു കൂടി തിരിച്ചടക്കാൻ ആവശ്യപ്പെട്ട്, 2007 ലും 2008 ലും  റെവന്യൂ വകുപ്പ് അയച്ച നോട്ടീസിന് കേജ്രിവാൾ മറുപടി കൊടുത്തില്ല. ഈ സമയത്തോടെ ടെലിവിഷൻ ചർച്ചകളിൽ സജീവ സാന്നിദ്ധ്യ മായിരുന്ന കേജ്രിവാൾ, താൻ കൈപ്പറ്റിയ ശമ്പളം തന്റെ റിട്ടയർമെന്റ് ഫണ്ടിൽ നിന്ന് കിഴിച്ചു കൊള്ളാൻ ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. അതേസമയം, താൻ തെറ്റൊന്നും ചെയ്യാത്തതിനാൽ പിഴ സംഖ്യ എഴുതിത്തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് റവന്യൂ വകുപ്പ്, ഒക്ടോബർ 27, 2011നകം പിഴയടക്കം മുഴുവൻ തുകയും തിരിച്ചടക്കാൻ കേജ്രിവാളിന് നോട്ടീസയച്ചു, അല്ലാത്ത പക്ഷം വസ്തുവകകൾ കണ്ടു കെട്ടുമെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

എന്നാൽ ഈ സംഭവ വികാസത്തെ, അഴിമതിക്കെതിരെ പടപൊരുതുന്ന തനിക്കെതിരെയുള്ള നീക്കമായാണ് കേജ്രിവാൾ വിശേഷിപ്പിച്ചത്. ഒക്ടോബർ 27 നും മറുപടി കിട്ടാത്തതിനാൽ, കേജ്രിവാളിനു വേണ്ടി ജാമ്യം നിന്നവരോട് തുക തിരിച്ചടക്കാൻ റവന്യൂ വകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് ജാമ്യം നിന്ന സുഹൃത്തുക്കളോട് റവന്യു വകുപ്പിന്റെ നോട്ടീസുകൾ അവഗണിക്കാനാണ് കേജ്രിവാൾ പറഞ്ഞത്. നിരന്തരമായ അറിയിപ്പുകൾ അവഗണിക്കപ്പെട്ടപ്പോൾ, ഒക്ടോബർ 30 തിനൊടു കൂടി വസ്തുവകകൾ കണ്ടു കെട്ടുക നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ നടപടികളിലേക്ക് ഗവണ്‍മെന്റ് നീങ്ങുമെന്ന് ഉറപ്പായപ്പോൾ, കുടിശ്ശികയായ 9.28 ലക്ഷം രൂപ തന്റെ സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങി തിരിച്ചടക്കുമെന്നു കേജ്രിവാൾ പ്രസ്താവിച്ചു. 2011 നവംബർ 3ന്, പ്രധാനമന്ത്രിക്കയച്ച കത്തിനോടൊപ്പം കുടിശ്ശിക തുകയുടെ ചെക്കും സമർപ്പിച്ച്‌ കേജ്രിവാൾ  മറ്റു നിയമ നടപടികളിൽ നിന്നും തടിയൂരി.

ആം ആദ്മി പാർട്ടിയും തിരഞ്ഞെടുപ്പ് വിജയവും

2013 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടിയ ആപ്പിനെ അനുമോദിക്കുന്ന മാധ്യമ സുനാമിയിൽ നാം മറക്കുന്ന ചില കാര്യങ്ങളുണ്ട്. 24 മണിക്കൂർ മാധ്യമ പിന്തുണ കിട്ടിയിട്ടും ഡൽഹിയിൽ ആപ്പിന് നേടാനായത് വെറും 29 % വോട്ടുകൾ മാത്രമാണെന്നതാണ് അതിലൊന്ന്. അതായത് വോട്ടു ചെയ്ത 71% ജനങ്ങളും ആപ്പിനെ അവഗണിക്കുകയാനുണ്ടായത്. പക്ഷേ ഈ വസ്തുത തമസ്കരിച്ചു കൊണ്ട്, 2.2 കോടി വരുന്ന ഡൽഹിക്കാരുടെ പൂർണ പിന്തുണ ആപ്പിനാണ് എന്ന രീതിയിലുള്ള മാധ്യമ പ്രചാരണം നമ്മുടെയിടയിൽ ശക്തമാണ്.

ഫലപ്രഖ്യാപനത്തിനു ശേഷം സർക്കാർ രൂപീകരിക്കാൻ 18 ഇന നിർദ്ദേശങ്ങളാണ് ആപ്പ് മുന്നോട്ടു വച്ചത്. VIP വാഹനങ്ങളിലെ ചുവപ്പു ലൈറ്റ് നീക്കം ചെയ്യുക എന്നിങ്ങനെ നിസ്സാരമായ ചില വ്യവസ്ഥകളും ആപ്പ് നിർദ്ദേശങ്ങളിൽ ഉൾപ്പെടും. തന്റെ 18 ഇന നിർദ്ദേശങ്ങൾ കോണ്‍ഗ്രസ്സിനും ബി.ജെ.പി ക്കും അയച്ചു കൊടുത്തെന്ന് പറഞ്ഞ കേജ്രിവാൾ, അവരുടെ മറുപടി കിട്ടിയതിനു ശേഷം ജനങ്ങളോട് ആലോചിച്ച് വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും അറിയിച്ചു. കോണ്‍ഗ്രസ്സാകട്ടെ  ആപ്പ് മുന്നോട്ട് വച്ച നിർദ്ദേശങ്ങളൊന്നും തന്നെ അംഗീകരിച്ചില്ല, പക്ഷേ കോണ്‍ഗ്രസ്സ് പിന്തുണയോടെ തന്നെ ആപ്പ് സർക്കാർ രൂപീകരിച്ചു.


1,725 കോടി രൂപയുടെ റവന്യൂ കമ്മിയുള്ള ഡൽഹി ഗവണ്‍മെന്റിന് ആപ്പ് മുന്നോട്ടു വച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ എങ്ങനെ നിറവേറ്റാൻ കഴിയും എന്നത് ഇന്നും ഒരു ചോദ്യ ചിഹ്നമാണ്. വൈദ്യുതി നിരക്കിൽ 50% കിഴിവ് പ്രഖ്യാപിച്ച കേജ്രിവാൾ, ഇന്ന് "വിഷയം പരിഗണനയിൽ" ആണെന്ന മറുപടി തരുന്നതും ഒരുപക്ഷേ ഡൽഹിയുടെ ഒഴിഞ്ഞ ഖജനാവ് നേരിട്ടു കണ്ടതിനാലാവും. കേജ്രിവാളിന്റെ ആഹ്വാനം സ്വീകരിച്ച് വൈദ്യുതി ബില്ല് അടക്കാത്തവർ ഇപ്പോൾ വൈദ്യുതി മോഷണത്തിന് കേസ് നേരിട്ടു കൊണ്ടിരിക്കുകയാണ്‌. മുഖ്യമന്ത്രിയായ ശേഷം കേസുകൾ പിൻവലിക്കാൻ കേജ്രിവാൾ തീരുമാനിച്ചാൽ തന്നെയും അതൊരു തെറ്റായ കീഴ്വഴക്കമാവും സമൂഹത്തിൽ സൃഷ്ടിക്കുക. രാജ്യത്തെ ഒരു കോടതിയും അങ്ങനെയൊരു വിധി നടപ്പാക്കാൻ അനുവദിക്കുകയുമില്ല. ആത്യന്തികമായി ഇരകളാകാൻ പോകുന്നത് കേജ്രിവാളിനെ വിശ്വസിച്ച് അദ്ദേഹത്തിന്റെ ആഹ്വാനം ശിരസാ വഹിച്ച അനുയായികളാവും. അതു പോലെ മറ്റൊരു കേജ്രിവാൾ വാഗ്ദാനമായ 700 ലിറ്റർ പ്രതിശീർഷ ജല ലഭ്യതയും നടപ്പാക്കാൻ കഴിയാതെ ഡൽഹി സർക്കാർ വിഷമിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. ഡൽഹിയിൽ കേവലം  68% ജനങ്ങളെ മാത്രമേ കുടിവെള്ള പൈപ്പ് വഴി ബന്ധിച്ചിട്ടുള്ളൂ. നഗരത്തിലെ പല ഭാഗങ്ങളിലും ജനങ്ങൾ വെറും 20 ലിറ്റർ ജലത്തിനു വേണ്ടി യാചിക്കുന്ന അവസ്ഥയാണുള്ളത്.

കോളിളക്കമുണ്ടാക്കുന്ന പ്രസ്താവനകളാണ് കേജ്രിവാളിന്റെ ട്രേഡ്മാർക്ക്. തന്റെ ആദ്യ റൌണ്ട് നിരാഹാര  സമരത്തിനു ശേഷം 15 കേന്ദ്ര മന്ത്രിമാരുടെ അഴിമതി താൻ പുറത്തു കൊണ്ടുവരുമെന്ന് കേജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. അഞ്ച് കേന്ദ്ര മന്ത്രിമാരുടെ സ്വിസ്സ് ബാങ്ക് അക്കൌണ്ടുകളുടെ തെളിവ് തന്റെ കൈവശം ഉണ്ടെന്നും 2013 ഡിസംബറിൽ കേജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. നവംബർ 2012ൽ HSBC ബാങ്കു വഴി കള്ളപ്പണം വെളുപ്പിച്ച 700 ഇന്ത്യാക്കാരുടെ ലിസ്റ്റ് കേന്ദ്ര ഗവണ്‍മെന്റിന്റെ കൈവശം ഉണ്ടെന്നും, അത് പുറത്തു വിടുവാനും കേജ്രിവാൾ വെല്ലുവിളിച്ചു, അതേസമയം ഇന്ത്യയിലെ HSBC ബാങ്ക് ജീവനക്കാരോട് ജോലി രാജിവയ്ക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്യുകയുണ്ടായി.

എന്നാൽ ഇതൊന്നുമായിരുന്നില്ല കെജ്രിവാളിന്റെ ഏറ്റവും ഒച്ചപ്പാടുണ്ടാക്കിയ സമരമുറ. ബിൽ തുക അടക്കാത്തതിനാൽ വൈദ്യുതി വിഛെദിച്ച കണക്ഷനുകൾ പുന:സ്ഥാപിച്ചു കൊണ്ട് കേജ്രിവാളും കൂട്ടരും അക്ഷരാർത്ഥത്തിൽ തന്നെ നിയമം കൈയ്യിലെടുത്തു. 24 മണിക്കൂർ ടെലിവിഷനിൽ നിറഞ്ഞു നിൽക്കുന്ന കേജ്രിവാളിനെ ഭയന്ന് വൈദ്യുതി വകുപ്പ് നടപടിയെടുക്കാൻ മടിച്ചു. ഇന്ന് താൻ സ്വയം ഒരു അരാജകവാദിയാണെന്ന് കേജ്രിവാൾ പറയുമ്പോൾ, അദ്ദേഹം എങ്ങിനെയാണ് ഒരു ജനാധിപത്യ ഗവണ്‍മെന്റിനെ നയിക്കുക എന്ന സംശയം നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ടതാണ്. 144 വകുപ്പ് ലംഘിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ അദ്ദേഹം നടത്തിയ ധർണ്ണയും ഇത്തരുണത്തിൽ നാം ഓർക്കേണ്ടതാണ്.

മറ്റേതൊരു രാഷ്ട്രീയക്കാരനും ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്വയം ഒരിടം കണ്ടെത്താൻ ചെയ്തത് മാത്രമേ കേജ്രിവാളും ചെയ്തിട്ടുള്ളൂ. കാശ്മീരിൽ ജനഹിത പരിശോധന നടത്തണം എന്ന പ്രശാന്ത് ഭൂഷൻറെ പ്രസ്താവനയെ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായി കേജ്രിവാൾ വിശേഷിപ്പിച്ചെങ്കിലും, ജനങ്ങളുടെ അനുമതി തേടി മാത്രമേ കാശ്മീരിൽ സൈന്യത്തെ വിന്യസിക്കാവൂ എന്ന് കേജ്രിവാൾ അഭിപ്രായപ്പെട്ടു. കാശ്മീർ പോലൊരു തന്ത്രപ്രധാന മേഖലയിൽ ജനഹിത പരിശോധന തേടലും ജനങ്ങളുടെ അനുമതി ആരായലും തമ്മിൽ എന്താണ് അന്തരം? അതോടൊപ്പം ഇക്കഴിഞ്ഞ ജനുവരി 12 ന്, നക്സൽ ബാധിത പ്രദേശങ്ങളിൽ നിന്നും പോലീസിനെ പിൻവലിക്കണം എന്നും പ്രശാന്ത് ഭൂഷൻ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളിലൂടെ നുരഞ്ഞു പൊന്തുന്ന ആപ്പ് തരംഗത്തിൽ ആകൃഷ്ടരായി ആപ്പിൽ അംഗത്വം നേടിയ മീര സന്യാൽ, വി ബാലകൃഷ്ണൻ, ക്യാപ്റ്റൻ ഗോപിനാഥൻ  എന്നിവർ ആം ആദ്മി പാർട്ടിയുടെ സാമ്പത്തിക-വിദേശ നയങ്ങളെ ക്കുറിച്ച് ഇരുത്തി ചിന്തിച്ചെടുത്ത തീരുമാനമാണോ ഇതെന്ന് ലേഖകൻ ആശ്ചര്യപ്പെടുന്നു. എന്തായാലും ഡൽഹിയിൽ അധികാരത്തിൽ തുടരുന്ന ഓരോ നിമിഷവും ആപ്പ് എന്ന പാർടിയെയും, അതിന്റെ നേതാക്കളെയും, അവർ ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ സാധുതയും തുറന്നു കാണിച്ചു കൊണ്ടേ ഇരിക്കും.
Read more ►

13 Jul 2013

അണ്ണാച്ചിക്ക് തൂക്കി വിറ്റ ജീവിതങ്ങൾ

0 comments
സ്വന്തം കന്യകാത്വം പോലും ലേലത്തിനു വച്ച് ഏറ്റവും മുന്തിയ വിലയ്ക്ക് കച്ചവടമുറപ്പിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. പാശ്ചാത്യ നാടുകളിൽ സാധാരണമായ മത്സരവെറിയും തദ്വാര സംഭവിക്കുന്ന മൂല്യശോഷണവും നമ്മുടെ കൊച്ചുകേരളവും വാരിപ്പുണർന്നു തുടങ്ങിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സൂര്യ ടി.വി സംപ്രേക്ഷണം ചെയ്യുന്ന 'മലയാളി ഹൗസ്'. സോഷ്യൽ മീഡിയകളിൽ നിന്നുയരുന്ന തെറിവിളികളെ പൂമാലയാക്കി, ചാനൽ റേറ്റിങ്ങുകളിൽ കുതിക്കുന്ന ഈ പരിപാടിയുടെ യഥാർത്ഥ ഗുണഭോക്താവ് അതിന്റെ നിർമ്മാതാവ് മാത്രമാണ്. സമൂഹത്തിൽ പൊതുവെ അംഗീകരിക്കപ്പെട്ടിരുന്ന അപക്വമതികളുടെ ചെമ്പുകാണാൻ കഴിഞ്ഞത് പൊതുജനങ്ങൾക്കും ഒരളവിൽ ഉപകാരമായി.

മലയാളികൾ ആദരിച്ചിരുന്ന ജി.എസ് പ്രദീപ്‌, രാഹുൽ ഈശ്വർ, സിന്ധു ജോയ് എന്നിവരുടെ ജീവിതമാണ് അണ്ണാച്ചി ചുളു വിലയ്ക്ക് വാങ്ങി എപ്പിസോഡ് കണക്കിന് മറിച്ചു വിറ്റിരിക്കുന്നത്. അവർ അകപ്പെട്ട അപകടത്തിന്റെ ആഴം മനസ്സിലാകാൻ ഇനി പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കുക മാത്രമേ നിവൃത്തിയുള്ളൂ. സിനിമ-സീരിയൽ സെലിബ്രിറ്റികളുടെ ജീവിതത്തെക്കുറിച്ച്  ജനങ്ങൾക്ക് വളരെ 'നല്ല' അഭിപ്രാമായതിനാൽ, മറ്റു മത്സരാർഥികളെ ഇത് അത്രകണ്ട് ബാധിക്കാൻ ഇടയില്ല.

എത്രത്തോളം സ്വയം തറയാകാമോ അത്രത്തോളം ഔട്ട്‌ ആകാതെ പിടിച്ചു നിൽക്കാം എന്നതാണ് ഈ പരിപാടിയിൽ ജയിക്കാനുള്ള ഗുട്ടൻസ്. പരിപാടിയിലുടനീളം തെറിവിളിയും അശ്ളീലപ്രയോഗങ്ങളും നടത്തിയ തിങ്കൾ ബാൽനെയും കുശുമ്പ്, പരദൂഷണം എന്നീ സുകുമാര കലകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നീന കുറുപ്പിനെയും നിലനിർത്തി, ദാലു കൃഷ്ണദാസിനെ പുറത്താക്കുക വഴി 'പ്രേക്ഷക വോട്ടിംഗ്' എന്ന നാടകം എത്രത്തോളം പൊളിയാണെന്ന് സൂര്യ ടി.വി ജനങ്ങൾക്ക്‌ മനസ്സിലാക്കിക്കൊടുത്തു. ആ ആഴ്ച ഫേസ് ബുക്ക് വോട്ടിങ്ങിൽ 55% പേരും വോട്ടു ചെയ്തത് നീനക്കായിരുന്നു. 35%ത്തോളം പേർ തിങ്കളിനും വോട്ടുചെയ്തു; പക്ഷേ സൂര്യ ടി.വി പുറത്താക്കിയത് ദാലുവിനെയാണെന്നുമാത്രം. ഇതിന് അവർ പറഞ്ഞ ന്യായം, 'ലക്ഷ'ക്കണക്കിന്‌ ലഭിച്ച SMS വോട്ടുകളുടെ ഫലം മറിച്ചായിരുന്നു എന്നാണ്. ബഹുഭൂരിപക്ഷം വരുന്ന അഭ്യസ്തവിദ്യരായ മലയാളികൾ സ്കൂൾ സ്റ്റാറ്റിസ്റ്റിക്സിൽ 'Random Sampling' എന്ന ഭാഗം പഠിച്ചിട്ടുണ്ടാകാമെന്ന് അവർ മറന്നുപോയി. പ്രേക്ഷകരുടേതെന്നും പറഞ്ഞ്, എല്ലാ ആഴ്ചയും സൂര്യാ ടി.വി മലയാളി ഹൗസിൽ പ്രദർശിപ്പിക്കുന്ന അഭിപ്രായ സർവ്വെ കണ്ടിട്ടുള്ളവർക്ക് ഇതത്ര ഞെട്ടലുണ്ടാക്കനിടയില്ല.


പുറത്തുപോയി വന്ന സന്തോഷ്‌ പണ്ഡിറ്റിൽ നിന്നും കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് മനസ്സിലാക്കിയതോടെ സിന്ധു ജോയ് സ്വല്പം ഒതുങ്ങിയിട്ടുണ്ട്. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ കോലം കത്തിച്ചും, കല്ലെറിഞ്ഞും, പൊതുമുതൽ നശിപ്പിച്ചും രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നവരിൽ പലരും ഒരുപക്ഷേ സിന്ധുവിനെക്കാൾ കൂതറകളായിരിക്കാമെന്ന യഥാർത്ഥ്യം നമ്മെ ഭയപ്പെടുത്തുന്നതാണ്. സമൂഹത്തിൽ സ്വന്തം പ്രാഗത്ഭ്യം തെളിയിച്ച്, അറിവും ലോകപരിചയവുമുള്ള ധിഷണാശാലികൾ കടന്നു വന്നിരുന്ന മുഖ്യധാര രാഷ്ട്രീയത്തിലേക്ക് സിന്ധുവിനെ പോലുള്ള പാഴുകൾ, പാർടിഭേദമന്യേ കയറിക്കൂടിയതാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന രാഷ്ട്രീയാപചയത്തിന്റെ മൂലകാരണം. എന്തായാലും പുറത്തിറങ്ങി ഈ മഹതി ഇനി കേരളത്തിലെ ജനങ്ങളെ 'സേവി'ക്കാനിടയില്ല എന്നതാണ് ആകെയുള്ള ആശ്വാസം.

ആർഷഭാരത സംസ്കാരത്തിന്റെ ഔദ്യോഗിക വക്താവായിരുന്ന തന്ത്രി കുമാരന്റെ അവസ്ഥയാണ് അതിലേറെ പരിതാപകരം. ശബരിമലയെ പറ്റിയുള്ള ദേശീയ-കേരള ചാനൽ ചർച്ചകളിലെ ഒരവിഭാജ്യ ഘടകമായിരുന്നു, പൊതുവേ വലിയ തരക്കേടില്ലാത്ത ഈ യുവാവ്. മലയാളി ഹൗസിലെ പ്രകടനത്തിലൂടെ, തത്വചിന്ത വിളംമ്പാറേയുള്ളൂ, സ്വയം സേവിക്കാറില്ലയെന്ന് ഇയാൾ നിർലജ്ജം തെളിയിച്ചിരിക്കുന്നു. മലയാളി ഹൗസിലെ കൂതറകളെ കൊണ്ട് പോലും, ഒന്നടങ്കം കോഴി എന്നും നട്ടെല്ല് ഇല്ലാത്തവനെന്നും വിളിപ്പിക്കാൻ കഴിഞ്ഞെങ്കിൽ, തിരുമേനിയുടെ കേളികൾ അപാരം തന്നെ. റോസിൻ ജോളിയുടെ പുറകെ കന്നിമാസത്തിലെ പട്ടിയെപ്പോലെ മണപ്പിച്ചു നടക്കുന്ന ഇയാളെ, കഴിഞ്ഞ ദിവസം തിങ്കൾ പച്ചത്തെറി വിളിക്കുന്നതുകേട്ട് തന്ത്രി കുടുംബം പുളകം കൊണ്ടിട്ടുണ്ടാകണം. നിത്യബ്രഹ്മചാരിയായ ശബരിമല ധർമ്മശാസ്താവിന്റെ ശ്രീകോവിലിൽ, ഇങ്ങനെയൊരു കോഴിത്തിരുമേനി ഇനി കയറാൻ ഇടയില്ല എന്നാലോചിക്കുമ്പോൾ വിമതൻ അനുഭവിക്കുന്ന ആനന്ദം അനിർവചനീയമാണ്.

ഈ പരിപാടിയിലൂടെ സൂര്യ ടി.വി വിൽക്കുന്നത് ഇതിലെ മത്സരാർഥികളുടെ ജീവിതമാണ്; സമൂഹത്തിലെ അവരുടെ പ്രതിച്ഛായയാണ്. ഏറ്റവും തറ സ്വഭാവം ഉള്ളവരും വിവാദം ഉണ്ടാക്കുന്നവരും പുറത്താകാതെ സൂര്യ ടി.വി തന്നെ നോക്കിക്കോളും. കുറച്ചു കാശിനു വേണ്ടി തങ്ങൾ വിറ്റുതുലച്ചത്, സ്വന്തം ഭാവി തന്നെയായിരുന്നുവെന്ന് അധികം താമസിയാതെ ഇതിലെ പലർക്കും മനസ്സിലാകും.
Read more ►

16 Mar 2013

ഇരവാദികളെ, നിങ്ങൾക്കെന്റെ നല്ലനമസ്കാരം!

0 comments
ഈയിടെ പ്രകോപനകരമായ പ്രസംഗത്തിന് അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീടു ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്ത അക്ബറുദ്ദിൻ ഒവൈസി പറഞ്ഞത് വിശ്വസിക്കാമെങ്കിൽ, ഗുജറാത്തിലെ മുസ്ലിം കൂട്ടക്കുരുതിയും, ബാബറിമസ്ജിത് സംഭവവും നടക്കാത്തപക്ഷം ഇന്ത്യയിൽ ജിഹാദി തീവ്രവാദവും ഉണ്ടാകുമായിരുന്നില്ല. ഒവൈസിയുടെ അഭിപ്രായത്തിൽ ഇരയാക്കപ്പെടുന്ന ഒരു സമുദായത്തിന്റെ പ്രതിഷേധങ്ങളാണ് തീവ്രവാദി ആക്രമണങ്ങൾ. ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ഒട്ടു മിക്ക മുസ്ലിം സംഘടനകളും മാർക്കണ്ടേയ കട്ജുവിനെയും അരുന്ധതി റോയിയെയും പോലെ ചില 'മനുഷ്യാവകാശ' സംരക്ഷകരും, ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ മേൽ പറഞ്ഞ ഒവൈസി സിദ്ധാന്തത്തിന്റെ വക്താക്കളാണ്.

സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്ന മുസ്ലിം യുവാക്കൾ വർഷങ്ങൾ നീണ്ട വിചാരണക്കൊടുവിൽ, തെളിവുകളുടെ അഭാവത്തിൽ വിമോചിതരാവുമ്പോൾ "ഇരകളാക്കപ്പെട്ടു" എന്ന ഇക്കൂട്ടരുടെ വാദം ഏറ്റുപിടിക്കാൻ രാജ്യത്തിനകത്തും പുറത്തും നിരവധി ആളുകളുമുണ്ട്. ഈ മാസമാദ്യം ദേശീയ അന്വേഷണ സംഘം (National Investigation Agency), ബാംഗ്ലൂർ ജിഹാദ് കേസുമായി ബന്ധപ്പെട്ടു കുറ്റ വിമുക്തരക്കാൻ തീരുമാനിച്ച പ്രധിരോധ ശാസ്ത്രജ്ഞൻ ഐജാസ് അഹമ്മദ് മിർസയും പത്രപ്രവർത്തകൻ മതി-ഉർ-റഹ്മാൻ സിദ്ധിക്കിയും ഇക്കൂട്ടർക്ക് വീണു കിട്ടിയ ഒരു അവസരമായിരുന്നു. ഇവരുടെ അറസ്റ്റ് പോലീസിന്റെ മുസ്ലിംവിരുദ്ധ സമീപനത്തിന്റെ ഭാഗമായി വ്യാഖ്യാനിക്കപ്പെട്ടു.

പക്ഷേ വസ്തുതകൾ, ഇങ്ങനെയുള്ള സംഭവങ്ങൾ കുറച്ചുകൂടി ഗൌരവത്തോടെ സമീപിക്കേണ്ടത്തിന്റെ ആവശ്യം വെളിപ്പെടുത്തുന്നു. ഇക്കൂട്ടർ പ്രചരിപ്പിക്കുന്ന പോലീസിന്റെ മുസ്ലിംവിരുദ്ധ സമീപനം എന്ന ആരോപണം, ജിഹാദി ഭീകരതയെ ചെറുക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് പലപ്പോഴും വിലങ്ങു തടിയാകാറുണ്ട്.

നമുക്ക് ബാംഗ്ലൂർ ജിഹാദ് കേസിലെ വസ്തുതകൾ ഒന്ന് പരിശോധിക്കാം. മിർസ, സിദ്ധിക്കി എന്നിവരെ വെറുതെ വിട്ട NIA നടപടിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച മാധമങ്ങൾ, ബാംഗ്ലൂർ ജിഹാദി ഗൂഢാലോചനയുമായി ബന്ധപ്പെട്ടു  കസ്റ്റഡിയിലെടുത്ത 15 പേരിൽ 12 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത് ബോധപൂർവം മറന്നു. NIA കുറ്റപത്ര പ്രകാരം, ഒരുപക്ഷെ 26/11 നു ശേഷം ഏറ്റവും അപകടകരമായി ആസൂത്രണം ചെയ്യപ്പെട്ട ഒരു പദ്ധതിയായിരുന്നു ബാംഗ്ലൂർ ജിഹാദി ആക്രമണം. ഇന്ത്യയിൽ ഏറ്റവും ആദ്യമായി ഓണ്‍ലൈൻ സമ്പർക്ക കേന്ദ്രീകൃതമായി ആസൂത്രണം ചെയ്യപ്പെട്ട ഒരു പദ്ധതി.

NIA റിപ്പോർട്ട്‌ പ്രകാരം, അഫ്ഘാൻ ജിഹാദിൽ പങ്കെടുക്കാനുള്ള ഓണ്‍ലൈൻ പ്രചാരണത്തിൽ ആകൃഷ്ടരായി, അബ്ദുൾ ഹക്കിം, സഫർ ഇഖ്‌ബാൽ എന്നിവർ 2011-2012 കാലഘട്ടത്തിൽ പാകിസ്ഥാൻ സന്ദർശിച്ചു. പക്ഷേ കറാച്ചിയിൽ വച്ച് അന്തർദേശീയ ജിഹാദി സംഘാടകനായ ഫർഹത്തുള്ള ഘൗറി, അവരെ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുകയും, അതിനുശേഷം അവർ രണ്ടുപേരും ISI യുടെയും ലഷ്കറിന്റെയും പരിശീലനത്തിനു വിധേയരാവുകയും ചെയ്തു. NIA യുടെ അന്വേഷണത്തിൽ ഈ ബാംഗ്ലൂർ ജിഹാദി സെൽ, ഒരു കൂട്ടം ഹിന്ദു വലതുപക്ഷ നേതാക്കളെയും, പത്രപ്രവർത്തകരെയും, പോലീസ് ഓഫീസർമാരെയും വധിക്കാൻ ആസൂത്രണം ചെയ്തതായി തെളിഞ്ഞു. ജിഹാദി ആക്രമണങ്ങൾക്ക് വേണ്ടി വന്നേക്കാവുന്ന തുക സായുധ കവർച്ചകളിലൂടെയും പാകിസ്ഥാനു വേണ്ടിയുള്ള ചാരപ്രവർത്തനങ്ങളിലൂടെയും സ്വരൂപിക്കുവാനായിരുന്നു തീരുമാനം.
മിർസ, സിദ്ധിക്കി, യുസഫ് എന്നിവർക്കെതിരെ തെളിവുകൾ ശേഖരിക്കാൻ NIA ക്ക് കഴിഞ്ഞില്ല. പക്ഷേ ഇവർ ജിഹാദി തീവ്രവാദികളുടെ മുറിയിലാണ് തങ്ങിയിരുന്നത്. ആക്രമണം പ്ളാൻ ചെയ്യാൻ  ജിഹാദികൾ സന്ദർശിച്ച സ്ഥലങ്ങളെ കുറിച്ച് ഇവർക്ക് അറിവുണ്ട് എന്ന് പോലിസ് പറയുന്നു. സിദ്ധിക്കി ജിഹാദി വെബ്സൈറ്റ്കൾ പലതവണ സന്ദർശിച്ചതിന്റെ തെളിവുകളുമുണ്ട്. വെബ്സൈറ്റ്കൾ ഞാനും സന്ദർശിക്കാറുണ്ട്, പക്ഷേ എന്റെ മുറിയിൽ വച്ച് തീവ്രവാദം ആസൂത്രണം ചെയ്യപ്പെടാറില്ല. ഇങ്ങനെ ഒരു സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ അറസ്റ്റ് ചെയ്യാതെ പോലിസ് മറ്റെന്താണ് ചെയ്യേണ്ടിയിരുന്നത്? താനും തന്റെ കുടുംബവും അനുഭവിച്ച 'ഹൃദയഭേദകമായ' പീഡനങ്ങൾ മിർസ പത്രസമ്മേളനം വിളിച്ചു വിവരിച്ചു. പക്ഷേ തന്റെ കൂടെ അടുത്തിടപഴകിയ ആ പന്ത്രണ്ടു ജിഹാദി തീവ്രവാദികളുടെ നീക്കങ്ങൾ മിർസക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നത് ആശ്ചര്യം തന്നെ.

താൻ ഒരു മുസ്ലിം അല്ലായിരുന്നെങ്കിൽ തന്നെ പോലീസ് അറസ്റ്റു ചെയ്യുമായിരുന്നില്ല എന്ന് സിദ്ധിക്കി വിലപിച്ചു. നാടൊട്ടുക്കുമുള്ള ഇരവാദികൾ അതേറ്റു പിടിച്ചു. പക്ഷേ കഴിഞ്ഞ വർഷം ജൂണിൽ, 2008 ലെ മലെഗോണ്‍ സ്ഫോടന കേസിൽ അറസ്റ്റു ചെയ്യപ്പെട്ട ലോകേന്ദർ ശർമ, ദേവേന്ദർ ഗുപ്ത എന്നിവർക്കെതിരെ NIA തെളിവ് കണ്ടെത്താൻ പരാജയപ്പെട്ടപ്പോൾ അവരാരും തങ്ങൾ ഇരകളാക്കപ്പെട്ട കഥ പറഞ്ഞതായി അറിവില്ല. മെക്കാ മസ്ജിത് കേസിൽ ഭരത് രടേശ്വരിനും ഇതുപോലെ തെളിവുകളുടെ അഭാവത്തിൽ ജാമ്യം കിട്ടിയിരുന്നു. ഇതുപോലെ ധാരാളം സംഭവങ്ങൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാ‌‍ൻഡ്, മണിപ്പൂർ, ആസാം എന്നിവിടങ്ങളിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

ലോകമെങ്ങുമുള്ള പോലിസ് സേനകൾ പ്രവർത്തിക്കുന്നത് ഇങ്ങനെ തന്നെയാണ്. ഉദാഹരണത്തിന്, ഇംഗ്ലണ്ടിൽ അറസ്റ്റു ചെയ്യപ്പെടുന്ന മൂന്നിൽ രണ്ടു കുറ്റാരോപിതരെയും അന്വേഷണ ഘട്ടങ്ങളിൽ കൃത്യമായ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടാറുണ്ട്.  അറസ്റ്റു ചെയ്യപ്പെട്ട 14% അല്ലെങ്കിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട 50%ത്തിൽ താഴെ കുറ്റാരോപിതർ മാത്രമേ അവിടെ ശിക്ഷിക്കപ്പെടാറുള്ളൂ. ഇന്ത്യയിൽ 2012-ൽ മാത്രം 914 മാവോയിസ്റ്റ് ആരോപിതരെ അറസ്റ്റ് ചെയ്തു; ഇതിന്റെ പത്തിലൊന്ന് പോലും വരില്ല മുസ്ലിം ഭീകരവാദത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം. അമേരിക്കൻ വിമാനത്താവളങ്ങളിലെ നിർബന്ധിത ദേഹപരിശോധനെയെപ്പറ്റി ഇന്ത്യയിൽ പോലും മുറവിളി ഉയരാറുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തിൽ അമേരിക്കകാർ മതവികാരം കലർത്താറില്ല, അതുകൊണ്ട് തന്നെ 9/11 നു ശേഷം അവിടെ നാശം വിതക്കാൻ തീവ്രവാദികൾക്ക് കഴിഞ്ഞിട്ടുമില്ല.

തീവ്രവാദത്തെക്കാൾ, നമ്മുടെ രാജ്യം നേരിടുന്ന പ്രശ്നം പ്രീണന രാഷ്ട്രീയം ആണെന്ന് തോന്നുന്നു. ഏതെങ്കിലും ഒരു മതത്തിൽ പെട്ടവരുടെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ മറച്ചു വെയ്ക്കുന്നതാവരുത് മതേതരത്വം. കാര്യങ്ങളെ വസ്തുനിഷ്ടമായി വിശകലനം ചെയ്യുന്ന ഒരു രാഷ്ട്രീയ, സാമൂഹിക അന്തരീക്ഷമാണ് ഇന്ന് നമ്മുടെ രാജ്യത്തിന് ആവശ്യം. അനിഷ്ട സത്യങ്ങൾ തുറന്നുകാട്ടി അതിനു പരിഹാരം കാണുന്നതല്ലേ, കണ്ണടച്ച് ഇരുട്ടാക്കുന്നതിനെക്കാൾ അഭികാമ്യം?
Read more ►
 

Copyright © 2013 വിമതന്‍ | All rights reserved. Sitemap | Privacy Policy | Contact Me | Powered by Blogger.